ഡെറാഡൂൺ - ഉത്തരാഖണ്ഡിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകളും പത്ത് പുരുഷൻമാരുമുൾപ്പെടെ 12 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ നിന്ന് കിമാനയിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോയാണ് 500-600 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്. ധൂമക് മാർഗ് മേഖലയിലാണ് അപകടം.
ടാറ്റ സുമോയിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത്ര ആളുകൾ ഉണ്ടായിരുന്നുവെന്നും കനത്തൽ മൂടൽ മഞ്ഞ് ഉണ്ടായതായും പറയുന്നു. വാഹനത്തിന്റെ മുകൾ ഭാഗത്ത് വരെ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റോഡിൽ നിന്ന് നോക്കുമ്പോൾ വാഹനം കാണാത്ത അവസ്ഥയായിരുന്നു. അപകടത്തിന്റെ തീവ്രതയും മലയിടുക്കിന്റെ ആഴവും വാഹനത്തിലുള്ള മുഴുവൻ പേരുടേയും മരണത്തിലേക്ക് നയിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ അപകടമാണ് പ്രദേശത്ത് നടക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അതിനിടെ, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നഷ്ടപരിഹാരം പ്രഖ്യാപി്ച്ചിട്ടുണ്ട്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.