കേരളത്തിലെ ഒരു കോൺഗ്രസ് ഗ്രൂപ്പിലും കണ്ണിയല്ലെങ്കിലും എല്ലാ ഗ്രൂപ്പുകളിലും വേരു പടർത്താൻ ശേഷിയും പ്രതിഭയുമുള്ള വ്യക്തിയാണ് ശശി തരൂർ. പക്ഷേ, സംസ്ഥാന രാഷ്ട്രീയത്തേക്കാൾ ദേശീയ രാഷ്ട്രീയത്തിലാണ് തരൂരിന്റെ ധിഷണയും കഴിവും കോൺഗ്രസ് നേതൃത്വം ഉപയോഗപ്പെടുത്തേണ്ടത്. അത് തിരിച്ചറിയാൻ നേതൃത്വം എത്ര നേരത്തെ തയ്യാറാകുമോ അത്രയും നന്ന്.
കോഴിക്കോട് - എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിലൂടെ പാർട്ടിക്കകത്തും പുറത്തും അപ്രതീക്ഷിത മൈലേജ് നേടിയ ശശി തരൂരിന്റെ മലബാർ ട്രിപ്പാണിപ്പോൾ രാഷ്ട്രീയ-ബിസ്‌നസ്സ് കേന്ദ്രങ്ങളിലെ ചർച്ചാവിഷയം. ഗ്രൂപ്പുകൾക്കു പഞ്ഞമില്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയൊരു ഗ്രൂപ്പുകൂടി സംഭാവന ചെയ്യുമെന്നതിനപ്പുറം വല്ല ചലനവും തരൂർ ഉണ്ടാക്കുമോ? ഗവർണർ-സർക്കാർ പോരിനിടയിലും തരൂർ ഇഫക്ട് കോൺഗ്രസ്, മുന്നണി രാഷ്ട്രീയത്തിൽ എങ്ങനെയാവും സ്വാധീനിക്കുക? പലവിധത്തിലാണ് ഗവേഷണങ്ങൾ.
ഈമാസം 20 മുതൽ മൂന്നുദിവസങ്ങളിലായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വട്ടമിട്ട് ഒട്ടേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കാനിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല-നെഹ്‌റു വിരുദ്ധ വിവാദ പ്രസ്താവനകൾക്കു പിന്നാലെയുള്ള യാത്രയ്ക്ക് രാഷ്ട്രീയ എതിരാളികളും അനുകൂലികളും വ്യാഖ്യാനങ്ങൾ പലതു നൽകുന്നുണ്ടെങ്കിലും കേരളത്തിലെ കാക്കത്തൊള്ളായിരം സംഘടനകൾക്കും തരൂരിലെ പ്രൊഫഷണൽ ജീനിയസിനെ ഇഷ്ടമാണെന്നതാണ് സത്യം. വി.ഡി സതീശനും കെ സുധാകരനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കെ മുരളീധരനും കുഴഞ്ഞുകളിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു കളങ്ങളിലേക്ക് അമിത താൽപര്യമില്ലാത്ത വലിയൊരു വിഭാഗം രാഷ്ട്രീയവിദ്യാർത്ഥികൾക്ക് തരൂരിൽ താൽപര്യമുണ്ട് എന്നതാണ് അദ്ദേഹത്തെ പാർട്ടിക്കപ്പുറം സ്വീകാര്യനാക്കുന്നത്. എന്നാൽ പാർട്ടി സംഘടനാ ചട്ടക്കൂടിൽ എല്ലാ കാര്യങ്ങളെയും നോക്കിക്കാണാൻ കഴിയില്ലെന്നതാണ് തരൂരിന്റെ പ്ലസും വലിയ മൈനസും. എന്തായാലും ശശി തരൂരും മലബാർ ഒന്ന് ചുറ്റിക്കറങ്ങി ഗ്രൂപ്പ് മാനേജർമാരുടെ പുതിയ നോട്ടപ്പുള്ളിയായി രംഗം കൊഴുപ്പിക്കുമെന്നുറപ്പ്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി മുതൽ എം.ടി വാസുദേവൻ നായർ, കെ.പി ഉണ്ണികൃഷ്ണൻ, എം.വി ശ്രേയാംസ്‌കുമാർ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ടി പത്മനാഭൻ വരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഈയിടെ കണ്ണൂരിൽ അന്തരിച്ച കെ.പി.സി.സി മുൻ ജനറൽസെക്രട്ടറി സതീശൻ പാച്ചേനിയുടെ കുടുംബാംഗങ്ങൾ വരെയുള്ളവരെ സന്ദർശിച്ചും വിദ്യാർത്ഥി-അഭിഭാഷക-മാധ്യമ-വാണിജ്യ-സാംസ്‌കാരിക ബൗദ്ധിക കൂട്ടായ്മകളിൽ പങ്കാളിയായിക്കൊണ്ടുമാണ് തരൂരിന്റെ മലബാർ ട്രീപ്പിന്റെ ആദ്യ പടി അവസാനിക്കുക.. എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ക്രിസ്ത്യൻ സഭകൾക്കും വിവിധ മുസ്‌ലിം സംഘടനാ കൂട്ടായ്മകൾക്കുമെല്ലാം ശശി തരൂർ സ്വീകാര്യനും വലിയ പ്രതീക്ഷയുമാണിപ്പോൾ. ആ നിലയ്ക്ക് തരൂരിന്റെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാനുള്ള ഈ കഴിവ് രാഷ്ട്രീയപരമായി മുതലെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ ഇല്ലയോ എന്നത് വേറെ കാര്യം. എന്തായാലും, കേരളത്തിലെ ഒരു കോൺഗ്രസ് ഗ്രൂപ്പിലും കണ്ണിയല്ലെങ്കിലും എല്ലാ ഗ്രൂപ്പുകളിലും വേരു പടർത്താൻ ശേഷിയും പ്രതിഭയുമുള്ള വ്യക്തിയാണ് ശശി തരൂർ. തന്നാലാവും വിധം സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കിയാൽ അത്ഭുദപ്പെടാനില്ല. പക്ഷേ, സംസ്ഥാന രാഷ്ട്രീയത്തേക്കാൾ ദേശീയ രാഷ്ട്രീയത്തിലാണ് തരൂരിന്റെ ധിഷണയും കഴിവും കോൺഗ്രസ് നേതൃത്വം ഉപയോഗപ്പെടുത്തേണ്ടത്. അത് തിരിച്ചറിയാൻ നേതൃത്വം എത്ര നേരത്തെ തയ്യാറാകുമോ അത്രയും നന്ന്.