ഇൻഡോർ - നാടും നഗരവും ഇളക്കിമറിച്ച് ഭാരത് ജോഡോ യാത്രയുമായി മുന്നേറുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്ക് വധഭീഷണി. യാത്ര മദ്ധ്യപ്രദേശിലെ ഇൻഡോറിലെത്തുന്ന സമയത്ത് രാഹുൽഗാന്ധിയെയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥിനെയും ബോംബ് സ്‌ഫോടനത്തിൽ വധിക്കുമെന്നാണ് കത്ത് ഭീഷണി.
ഒരു മധുരപലഹാരക്കടയിൽ തപാൽ മാർഗം ലഭിച്ച ഭീഷണിക്കത്ത് കടയുടമ ഉടനെ പോലീസിന് കൈമാറുകയായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്നും കത്തിൽ പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ട്.
രാഹുലിന്റെ സുരക്ഷയ്ക്കുള്ള മുൻകരുതലിനൊപ്പം, കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇൻഡോർ പോലീസും ക്രൈംബ്രാഞ്ചും. ജൂനി ഇൻഡോർ പോലീസ് സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈമാസം 24നാണ് രാഹുൽ ഗാന്ധി ഇൻഡോറിലെ ഖൽസ സ്‌റ്റേഡിയത്തിൽ എത്തുന്നത്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോൺ, അകോല ജില്ലയിലെ ബാലപൂർ അടക്കമുള്ള വിവിധ ഭാഗങ്ങളിലാണ് ഭാരത് ജോഡോ യാത്ര ഇന്ന് പര്യടനം പൂർത്തിയാക്കിയത്. അകോലയിലെ പര്യടനത്തിൽ ബംഗാളി നടി റിയാ സെൻ ഇന്ന് രാഹുൽഗാന്ധിക്കൊപ്പം ചേർന്നിരുന്നു.
അതേസമയം, രാജ്യത്തിനായി ജീവൻ നല്കിയ നെഹ്‌റു കുടുംബത്തിലെ ഒരംഗത്തിനുകൂടി ജീവന് ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ കാണമെന്നും കോൺഗ്രസിന്റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ.കെ മിശ്ര ആവശ്യപ്പെട്ടു. പി.സി.സി അധ്യക്ഷനും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നേരിൽ കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായും മിശ്ര വ്യക്തമാക്കി.