ഫാറൂഖ് അബ്ദുല്ല നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയുന്നു

ശ്രീനഗര്‍ - മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചു. പുതിയ തലമുറക്ക് മേലങ്കി കൈമാറാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
85 കാരനായ അബ്ദുല്ല പാര്‍ട്ടി രക്ഷാധികാരിയുടെ റോള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹത്തിന്റെ മകന്‍, നിലവില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായ ഉമര്‍ അബ്ദുല്ല പിന്‍ഗാമിയായി പുതിയ പാര്‍ട്ടി അധ്യക്ഷനാകുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ട്.
ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് 1983 ലാണ് ആദ്യമായി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റായത്. സ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഫാറൂഖിനെ പ്രേരിപ്പിക്കാന്‍ മുതിര്‍ന്ന എന്‍.സി നേതാക്കള്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഡിസംബര്‍ അഞ്ച് വരെ ഫാറൂഖ് എന്‍.സിയുടെ പ്രസിഡന്റായി തുടരുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ഞാന്‍ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല. ഡിസംബര്‍ അഞ്ചിനാണ് ഈ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. പുതിയ തലമുറ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട സമയമാണിത്- അബ്ദുല്ല പറഞ്ഞു. 'പാര്‍ട്ടിയില്‍നിന്ന് ആര്‍ക്കും ഈ സ്ഥാനത്തേക്ക് മത്സരിക്കാം. ഇതൊരു ജനാധിപത്യ പ്രസ്ഥാനമാണ് -അബ്ദുല്ല പറഞ്ഞു.

 

Latest News