ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഹണി ട്രാപ്പില്‍ കുടുക്ക് രഹസ്യ രേഖകള്‍ ചോര്‍ത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സന്നദ്ധ സംഘടനയായ ജന്മഭൂമി ഫൗണ്ടേഷന്റെ പ്രസിഡന്റ് നടരാജ ശര്‍മ ഇതു സംബന്ധിച്ച് വിധാന സൗധ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
നിയമസഭയില്‍ സംഘടിതമായ ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
വിധാന്‍ സൗധയില്‍ ജോലി ചെയ്യുന്ന ഡി ഗ്രൂപ്പ് ജീവനക്കാരിയാണ് ബൊമ്മെയുടെ പിഎ ഹരീഷിനെ ഹണി ട്രാപ്പില്‍ കുടുക്കിയത്. സംഘാംഗങ്ങള്‍ ഇവരുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം ഹരീഷിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഭരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്തിയതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി ഒപ്പിട്ട രേഖകള്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ചതായി പരാതിക്കാരന്‍ ആരോപിച്ചു.
ബംഗളൂരുവിനടുത്ത് കനകപുര റോഡിന് സമീപം പ്രതിയായ യുവതിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി ഹരീഷ് വാങ്ങിയതായും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെയും സംഘം നിരവധി രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പ് ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരനായ നടരാജ ശര്‍മ ആരോപിച്ചു.