ലണ്ടന്‍- ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടുമെന്ന് പുതിയ പഠനം. ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ കാര്‍ഡിയോ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പ് അമിതമായി കഴിക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണിന്റെ അളവ് 75 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് പറയുന്നു.
എഡിന്‍ബറോയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മര്‍ദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രോട്ടീനുകളുടെ ഉത്പാദനത്തിന് കാരണമായ ജീനുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.