ഹല്‍ദ്വാനി, ഉത്തരാഖണ്ഡ് - വരന്‍ കൊടുത്തയച്ച ലെഹങ്ക ഇഷ്ടപ്പെടാത്തതിനാല്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ലെഹങ്കയുടെ നിറവും ഡിസൈനുമൊക്കെ ഇഷ്ടമായെങ്കിലും വില താന്‍ പ്രതീക്ഷിച്ചത്ര ആയില്ല എന്നതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇത്ര നിസാര കാര്യത്തിന് വിവാഹം വേണ്ടെന്നുവയ്ക്കരുതെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ പറഞ്ഞെങ്കിലും പിന്മാറാന്‍ യുവതി കൂട്ടാക്കിയില്ല. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം.
അല്‍മോറ സ്വദേശിയാണ് വരന്‍. ഇയാള്‍ ലഖ്‌നൗവില്‍ നിന്ന് ഏറ്റവും പുതിയ ഫാഷനിലുള്ള ലെഹങ്ക പതിനായിരം രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ ഇത്രയും വിലകുറഞ്ഞ ലെഹങ്ക ധരിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞു. മാത്രമല്ല വിലകുറഞ്ഞ വസ്ത്രം വാങ്ങി നല്‍കിയ ഒരാളുമായുള്ള വിവാഹ ബന്ധത്തിന് തയ്യാറല്ലെന്നും യുവതി പറഞ്ഞു. വിവാഹത്തിന് രണ്ടുവീട്ടുകാരും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
വിവാഹം മുടങ്ങിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല സ്റ്റേഷനുള്ളില്‍ വച്ച് രൂക്ഷമായ വാദപ്രതിവാദമുണ്ടാവുകയും ചെയ്തു. ശക്തമായ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പു നല്‍കിയതോടെ ഒത്തുതീര്‍പ്പിന് ഇരുകൂട്ടരും സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.