കണ്ണൂർ-സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. പുനപ്പരിശോധനയിൽ ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ ഒഴിവാക്കുമെന്ന് വിസി പറഞ്ഞു. പട്ടികയിലുള്ള മൂന്നു പേരെയും യോഗ്യത പരിശോധിച്ച് പുതിയ പട്ടിക സിൻഡിക്കറ്റിനു മുന്നിൽ വയ്ക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും വിസി അറിയിച്ചു.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇതിൽ വ്യക്തത തേടി. നിയമന യോഗ്യത സംബന്ധിച്ച് യുജിയിൽനിന്നു തന്നെ വ്യക്തത തേടിയെങ്കിലും മറുപടി ലഭിച്ചില്ല. യുജിസി മറുപടി നൽകിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം എത്തില്ലായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രക്രിയയുമായി മുന്നോട്ടുപോയതെന്നു വിസി പറഞ്ഞു.
ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സർവകലാശാലകളിലെയും പ്രിൻസിപ്പൽ നിയമനം, സ്ഥാനക്കയറ്റം എന്നിവയെയൊക്കെ ബാധിക്കുന്ന വിധിയാണ് ഇത്. സർവകലാശാല ഇതിൽ അപ്പീൽ നൽകില്ല. നിയമ നടപടികൾക്കായി സർവകലാശാലയ്ക്ക് വലിയ പണച്ചെലവ് ഉണ്ടാവുന്നുണ്ടെന്ന്, ഇതിനു കാരണമായി വിസി പറഞ്ഞു.