Sorry, you need to enable JavaScript to visit this website.

VIDEO രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പ്രതിഷേധത്തില്‍ ചെരിപ്പ് സവര്‍ക്കര്‍ക്കുനേരെ, വൈറലായി വീഡിയോ

ന്യൂദല്‍ഹി- സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ചെരിപ്പോങ്ങിയത് സവര്‍ക്കറുടെ ചിത്രത്തിനുനേരെ. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീ രാഹുല്‍ ഗാന്ധിയാണെന്ന് കരുതി സവര്‍ക്കര്‍ക്കുനേരെ ചെരിപ്പ് ഉയര്‍ത്തുകയായിരുന്നു. മറ്റുള്ളവര്‍ തടഞ്ഞ് അവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ചിത്രം കാണിച്ചു കൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഈ സ്ത്രീയെ തടഞ്ഞിരുന്നില്ലെങ്കില്‍ അവര്‍ ചെരിപ്പുകൊണ്ട് സവര്‍ക്കറുടെ ചിത്രത്തില്‍ അടിച്ചേനെ. സവര്‍ക്കറുടെ ഫോട്ടോ പോലും തിരിച്ചറിയാത്തവരാണോ സംഘ് പരിവാറുകാര്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
അതിനിടെ, കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകന്‍ പോലീസില്‍ പരാതി നല്‍കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരില്‍ നിന്നും സവര്‍ക്കര്‍ പെന്‍ഷന്‍ പറ്റി തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും സമാന പരാമര്‍ശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്നും രഞ്ജിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ മൂന്നിന് രാജസ്ഥാനില്‍ എത്തും. ആല്‍വാറില്‍ റാലി സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിം?ഗ് ദൊത്താസ്ര, വിഭാകര്‍ ശാസ്ത്രി എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയാണ് യാത്ര ആല്‍വാറിലെത്തുക. യാത്രക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

 

Latest News