Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരുഭൂമിയിലെ വിഷപ്പാമ്പുകൾ:  ഗവേഷണ ദൗത്യവുമായി  ഡോ. സുബൈർ മേടമ്മലും  ഷംസുദ്ദീനും ഗൾഫിലേക്ക്‌

മലപ്പുറം-അറേബ്യൻ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ കുറിച്ച് പഠിക്കാൻ മലയാളിയായ ഗവേഷകനും പാമ്പു പിടിത്തക്കാരനും ഗൾഫിലേക്ക്. യു.എ.ഇയിലെ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ ഗവേഷകനുമായ ഡോ.സുബൈർ മേടമ്മലും പ്രമുഖ പാമ്പു പിടിത്തക്കാരനായ ഷംസുദ്ദീൻ ചെർപ്പുളശേരിയും വിദേശത്തേക്ക് യാത്രയാകുന്നത്. അറബ് എമിറേറ്റ്‌സിലെ മരുഭൂമിയിൽ കാണപ്പെടുന്ന വിഷപ്പാമ്പുകളെ കുറിച്ചുള്ള പഠനത്തിനായി ഇവർ വെള്ളിയാഴ്ച യാത്ര തിരിക്കും. 
വിവിധ ഗൾഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാൽക്കണെ കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തി വരുന്ന ഡോ. സുബൈർ മേടമ്മലിന് യു.എ.ഇയിൽ നിന്ന് ലഭിച്ച ക്ഷണത്തെ തുടർന്നാണ് യാത്ര. ഫാൽക്കൺ ഗവേഷണത്തിന്റെ ഭാഗമായി ഡോ.സുബൈർ നടത്തിയ യു.എ.ഇ സന്ദർശനത്തിനിടെയാണ് മരുഭൂമിയിലെ പാമ്പുകളെ കുറിച്ച് ഗവേഷണം നടത്താനുള്ള നിർദേശം യു.എ.ഇയിലെ പ്രമുഖ രാജകുടുംബാംഗത്തിൽ നിന്ന് ലഭിച്ചത്. മരുഭൂമിയിൽ കാണുന്ന പാമ്പുകൾ ഉഗ്രവിഷമുള്ളവയായതിനാൽ ഇവയെ കുറിച്ചുള്ള പഠനം അതി സാഹസികമാണ്. വിഷപ്പാമ്പുകളെ ആവാസ വ്യവസ്ഥയെ കുറിച്ചും സ്വഭാവ സവിശേഷതകളെ കുറിച്ചും അവയുടെ വംശസംരക്ഷണത്തെ കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾക്ക് ഈ യാത്ര തുടക്കം കുറിക്കും. മരുഭൂമിയിൽ കാണുന്ന പാമ്പുകളെ പിടികൂടി ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഫാൽക്കൺ ഉൾപ്പെടെയുള്ള ജീവികളെ കുറിച്ച ആഴത്തിലുള്ള പഠനം നടത്തി വരുന്ന ഡോ.സുബൈർ മേടമ്മൽ വിവിധ രാജ്യങ്ങളിലെ ജന്തുശാസ്ത്ര സെമിനാറുകളിൽ സ്ഥിരം ക്ഷണിതാവാണ്. അബുദാബി ഫാൽക്കൺ ക്ലബ്ബ് അംഗത്വമുള്ള ഏക അനറബിയാണ് ഡോ.സുബൈർ. ഗവേഷണത്തിന്റെ ഭാഗമായി യു.കെ., ജർമ്മനി, ചൈന, സിംഗപ്പൂർ,  മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വിവിധ അറബ് രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനങ്ങളുടെ ലാന്റിംഗിന് തടസ്സമായിരുന്ന പക്ഷികളെ കുറിച്ചും വെരുകുകളെ കുറിച്ചും പഠിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡോ.സുബൈറിന്റെ സഹായം തേടിയിരുന്നു. മലബാറിലെ ദേശാടന പക്ഷികളെ കുറിച്ചും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂർ വാണിയന്നൂർ സ്വദേശിയാണ് ഡോ.സുബൈർ.
ഗൾഫ് രാജ്യങ്ങളിൽ സ്വദേശികളായ അറബികൾക്ക് മരുഭൂമിയിലെ യാത്രക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളെ നേരിടേണ്ടി വരാറുണ്ട്. മണലിൽ മറഞ്ഞു കിടക്കുന്ന പാമ്പുകളെ കാണാൻ തന്നെ പ്രയാസമാണ്. ഇവയെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനുമാവശ്യമായ ഗവേഷണം നടത്തുന്നതിനുമാണ് ഡോ.സുബൈറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പാമ്പുകളെ പിടികൂടുന്നതിൽ മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവമായി രംഗത്തുള്ള ഷംസുദ്ദീൻ പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി സ്വദേശിയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ പാമ്പുകളെ പിടികൂടാനായി ഷംസുദ്ദീൻ സഞ്ചരിച്ചിട്ടുണ്ട്. മലയാള സിനിമകളുടെ ചിത്രീകരണ വേളയിൽ പാമ്പുകളെ ആവശ്യമായി വരുമ്പോൾ എത്തിച്ചുകൊടുക്കുന്നത് ഷംസുദ്ദീനാണ്. പ്രമുഖ മാന്ത്രികൻ കൂടിയായ ഷംസുദ്ദീൻ ആദ്യമായാണ് പാമ്പുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി  ഗൾഫ് സന്ദർശനം നടത്തുന്നത്. 


 

Latest News