ലാഹോര്‍- പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കയാണ് പാകിസ്ഥാനില്‍ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും.
70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പങ്കുവച്ചത്. ലാഹോറില്‍ പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്. ഒരു മൂളിപ്പാട്ടാണ് ഇതിന് കാരണമായതെന്ന് പറയുന്നു.
ഷുമൈലയുടെ പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എപ്പോഴും പാട്ട് മൂളുമായിരുന്നു. ഈ പാട്ടുകളിലൊന്ന് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും അങ്ങനെ പ്രണയത്തിലായെന്നും അവര്‍ പറയുന്നു.
തങ്ങളുടെ പ്രണയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെ ബോധ്യപ്പെടുത്തിയെന്നും ഷുമൈല പറയുന്നു. ഇവര്‍ ഇപ്പോള്‍ ലാഹോറിലാണ് താമസം.