Sorry, you need to enable JavaScript to visit this website.

ജാമിഅ മസ്ജിദ് ഒഴിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി

ബംഗളൂരു- കര്‍ണാടകയിലെ ജാമിഅ മസ്ജിദ് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജറംഗ്ദള്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. മസ്ജിദ് ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു.
മാണ്ഡ്യ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദില്‍ ഹിന്ദു ദൈവങ്ങളുടെയും ക്ഷേത്ര ഘടനയുടെയും അടയാളങ്ങളുണ്ടെന്നും അതിനാല്‍ മസ്ജിദ് ഉടന്‍ ഒഴിപ്പിക്കണമെന്നും പള്ളിയുടെ പരിസരത്തുള്ള കല്യാണിയില്‍ (പരമ്പരാഗത ജലാശയം) ഹിന്ദു ഭക്തരെ കുളിക്കാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഉത്തര്‍ പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിന്റെ മാതൃകയില്‍ പള്ളിയില്‍ പുനര്‍സര്‍വേ നടത്തണമെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബജ്‌റംഗ്ദള്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജുനാഥാണ് ബുധനാഴ്ച പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. മഞ്ജുനാഥ് ഉള്‍പ്പെടെ 108 ഹനുമാന്‍ ഭക്തരാണ് ഹരജി നല്‍കിയത്.

ഹിന്ദു പാരമ്പര്യത്തില്‍ 108 എന്ന നമ്പര്‍ ശുഭകരമായി കണക്കാക്കപ്പെടുന്നതിനാലാണ്  108 ഭക്തര്‍ കക്ഷികളായി ചേര്‍ന്നതെന്ന് ബജ്‌റംഗ്ദള്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
മൈസൂര്‍ ഗസറ്റിയര്‍, മസ്ജിദിലെ ഹിന്ദു വാസ്തുവിദ്യ, ഹിന്ദു വിഗ്രഹങ്ങളുടെ ലിഖിതം, വിശുദ്ധ ജലാശയം, ബ്രിട്ടീഷ് ഓഫീസര്‍മാരുടെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
നേരത്തെ, പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സംഘ്പരിവാര്‍ സംഘടനകള്‍  അനുമതി തേടിയത് സംസ്ഥാനത്ത് വിവാദം സൃഷ്ടിച്ചിരുന്നു.
സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് ജാമിഅ മസ്ജിദിനെ സംരക്ഷിക്കാന്‍ മസ്ജിദ് അധികൃതര്‍ ബന്ധപ്പെട്ട അധികൃതരോട് പലതവണ ആവശ്യപ്പെട്ടു.
മസ്ജിദെ അല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ ഭരണകാലത്ത് 1786-87 ലാണ് മസ്ജിദ് നിര്‍മ്മിച്ചത്. മുഹമ്മദ് നബിയുടെ ഒമ്പത് പേരുകള്‍ പരാമര്‍ശിക്കുന്ന മൂന്ന് ലിഖിതങ്ങള്‍ പള്ളിയിലുണ്ട്.

പള്ളിയുടെ സര്‍വേ ആവശ്യപ്പെട്ട് നരേന്ദ്ര മോഡി വിചാര്‍ മഞ്ച് അധികൃതര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഹനുമാന്‍ ക്ഷേത്രം ഇടിച്ചുനിരത്തിയാണ് ജാമിഅ മസ്ജിദ് പണിതതെന്നാണ് വാദം.

 

Latest News