Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിയുടെ ബ്രാ അഴിപ്പിച്ചതായി പരാതി

പാലക്കാട് - ഞായറാഴ്ച നടന്ന മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുമ്പ് നിർബന്ധിച്ച് ബ്രാ അഴിപ്പിച്ചെന്ന് പരാതി. പാലക്കാട് ജില്ലയിലെ കൊപ്പം ലയൺസ് സ്‌കൂളിലാണ് സംഭവം. കേരളത്തിൽ മറ്റു കേന്ദ്രങ്ങളിലൊന്നും ഈ നിബന്ധന ഇല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി പലക്കാട് നേർത്ത് ടൗൺ പോലീസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയത്. പരീക്ഷ എഴുതുന്നതിനിടെ പുരുഷ ഇൻവിജിലേറ്റർ മാന്യമല്ലാത്ത രീതിയിൽ മാറിലേക്ക് നോക്കിക്കൊണ്ടിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. 

സിബിഎസ്ഇ നിഷ്‌കർഷിച്ച ചട്ടങ്ങൾ പാലിച്ച് ഇളം നിറത്തിലുള്ളതും അരക്കൈ ഉള്ളതുമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഷാൾ അണിഞ്ഞിരുന്നില്ല. എന്നാൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ബ്രായിലെ ലോഹ കുടുക്ക് അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇത് അഴിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. ലോഹ വസ്തുക്കൾ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് ചട്ടം. ഇത് അംഗീകരിച്ചാണ് ബ്രാ അഴിച്ചുമാറ്റാൻ തയാറായത്. വസ്ത്രം മാറുന്നതിന് സ്വകാര്യതയുള്ള സംവിധാനം ഇവിടെ ഒരുക്കിയിരുന്നില്ലെന്നും വലിച്ചുകെട്ടിയ ഒരു മറക്കപ്പുറത്ത് നിന്ന് വസ്ത്രം മാറേണ്ടി വന്നുവെന്ന് പെൺകുട്ടി ചൂണ്ടിക്കാട്ടി. തന്നെ കൂടാതെ മറ്റു 25ഓളം പേരുടേയും ബ്രാ അഴിപ്പിച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ ശേഷമാണ് കേരളത്തിൽ മറ്റു കേന്ദ്രങ്ങളിലൊന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്ന് അറിഞ്ഞത്. 

ഈ അവസ്ഥയിൽ പരീക്ഷ എഴുതേണ്ടി വന്നത് അവഹേളനമായി. ഇൻവിജിലേറ്ററുടെ നോട്ട ശല്യം കാരണം ചോദ്യപേപ്പർ കൊണ്ട് മാറ് മറച്ചു പിടിച്ചു പരീക്ഷ എഴുതേണ്ടി വന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സത്രീകളെ അപമാനിക്കുന്നതിനെതിരായ ഐപിസി വകുപ്പു പ്രകാരം കേസെടുത്തതായി നോർത്ത് ടൗൺ പോലീസ് അറിയിച്ചു. മാനഭംഗത്തിന് കേസെടുക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്‌കൂളിലെത്തി. ഇവിടെ നീറ്റിന് പുരുഷ ഇൻവിജിലേറ്റർമാർ ഉണ്ടായിരുന്നില്ലെന്നും എല്ലാവരും വനിതകളായിരുന്നുവെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സി.ബി.എസ്.ഇയിൽ നിന്നും ഒരു നീരീക്ഷകൻ എത്തിയിരുന്നു. ഇദ്ദേഹം ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
 

Latest News