കല്‍പറ്റ-വയനാട് പൊന്‍മുടിക്കോട്ടയില്‍ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് പൊന്‍മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്‍മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസകേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് മതിക്കുന്ന പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍, ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിയായതെന്നു സ്ഥിരീകരിച്ചതായി ഡി.എഫ്.ഒ പറഞ്ഞു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കടുവയെ നിരീക്ഷിച്ചുവരികയാണ്. സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു കടുവയെ മാറ്റും.