കൊൽക്കത്ത - തുടർച്ചയായ ഹൃദയാഘാതത്തെ തുടർന്ന് ബംഗാളി നടി ഐന്ദ്രില ശർമ്മ അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്റർ സഹായത്തോടെയാണിപ്പോൾ ജീവൻ നിലനിർത്തുന്നത്. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള നടിയുടെ പുതിയ സി.ടി സ്‌കാൻ അനുസരിച്ച് തലച്ചോറിൽ രക്തം കട്ടപിടിച്ചതായാണ് റിപ്പോർട്ടുകൾ.
രണ്ടുതവണ കാൻസറിനെ അതിജീവിച്ചയാളാണ് യുവനടി. സമൂഹമാധ്യമങ്ങളിൽ ഇവർക്കായി ആരാധകരുടെ പ്രാർത്ഥകൾ നിറയുകയാണ്. ഐന്ദ്രിലയുടെ കാമുകനും നടനുമായ സബ്യസാചി ചൗധരി സോഷ്യൽ മീഡിയയിൽ എല്ലാവരോടും 'അത്ഭുതം സംഭവിക്കാനായി പ്രാർത്ഥിക്കണം, അമാനുഷികതയ്ക്കായി പ്രാർത്ഥിക്കണം' എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് താരത്തിന് ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായത്. ശേഷം അവർക്ക് ആന്തരിക രക്തസ്രാവം അനുഭവപ്പെടുകയും തുടർന്ന് ഫ്രണ്ടോടെംപോറോപാരിയറ്റൽ ഡി-കംപ്രസീവ് ക്രാനിയോടോമി സർജറി നടത്തിയതായും ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജുമുറിലൂടെ ടി.വിയിൽ അരങ്ങേറ്റം കുറിച്ച താരം ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിലും വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.