വാഴ്‌സ - പോളണ്ടില്‍ പതിച്ച മിസൈല്‍ റഷ്യയുടെയല്ല, ഉക്രൈന്‍ സേനയുടെതാണെന്നു സ്ഥിരീകരണം. പോളണ്ടും നാറ്റോയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, റഷ്യന്‍ നിര്‍മിത മിസൈലാണു പതിച്ചതെന്ന് ആരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്‌സയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ഉക്രൈന്റെ മിസൈലാണു പതിച്ചതെങ്കിലും റഷ്യയാണു യഥാര്‍ഥ കുറ്റക്കാരെന്നു നാറ്റോ മേധാവി പറഞ്ഞു. ഇതു ഉക്രൈന്റെ കുഴപ്പമല്ല. റഷ്യയാണു ഉക്രൈന്‍ സേനക്കു നേരെ ആദ്യം ആക്രമണം നടത്തിയത്. പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണ്. ഉക്രൈന് എതിരായ അനധികൃത യുദ്ധം റഷ്യ തുടരുന്നു- നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റന്‍ബര്‍ഗ് പറഞ്ഞു.