പൂണെ- സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിംഗിനിടെ അപകടത്തില്‍ പെട്ടപ്പോള്‍ ആപ്പിള്‍ വാച്ചാണ് തന്നെ രക്ഷിച്ചതെന്ന് 17 വയസുകാരന്‍. ട്രക്കിംഗിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ജൂലൈ 11നായിരുന്നു സംഭവം.
പൂണെ സ്വദേശിയായ സ്മിത്ത് മേത്ത തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ലോനവാലയില്‍ ട്രക്കിങ്ങിന് പോയതായിരുന്നു. തിരികെ വരുമ്പോള്‍ കനത്ത മഴയായിരുന്നു. സ്മിത്ത് അബദ്ധത്തില്‍ കാല്‍ വഴുതി 150 അടി താഴ്ചയിലേക്ക് വീണു. ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങിക്കിടന്നതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. ഒറ്റയ്ക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസ്സിലാക്കിയ സ്മിത്ത് തന്റെ ആപ്പിള്‍ ഫോണ്‍ ഒരു സുഹൃത്തിന്റെ ബാഗിലുണ്ടെന്ന് ഓര്‍ത്തു. ഭാഗ്യവശാല്‍, കൈയില്‍ കെട്ടിയ ആപ്പിള്‍ വാച്ചില്‍ അപ്പോഴും നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെയും സുഹൃത്തുക്കളെയും വാച്ച് മുഖേന വിവരമറിയിച്ചു. പിന്നീട് സുഹൃത്തും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി.
സംഭവം ശ്രദ്ധയില്‍ പെടുത്താന്‍ ആപ്പിള്‍ സിഇഒ ടിം കുക്കിന് ഇമെയില്‍ അയച്ചു. ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു. ആപ്പിള്‍ വാച്ചിന് നന്ദി പറഞ്ഞാണ് ടിം കുക്കിന് മെയില്‍ അയച്ചത്.
കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.