പാലക്കാട്- അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അബ്ബാസ് കോടതിയില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് അട്ടപ്പാടി മുക്കാലി സ്വദേശിയായ അബ്ബാസ് മധു വധക്കേസിന്റെ വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങിയത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. റിമാന്റ് ചെയ്ത വിവരമറിയിച്ച സമയത്ത് കോടതിയില്‍ തളര്‍ന്നു വീണ അബ്ബാസിനെ ആശുപത്രിയിലേക്ക് മാറ്റി. രോഗിയാണ് എന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസിന്റെ അഭിഭാഷകന്‍ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അതിനെ എതിര്‍ത്തു. മല്ലിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ 18ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മധു വധക്കേസിലെ പ്രതികളില്‍ ചിലരുടെ അടുത്ത ബന്ധുവായ അബ്ബാസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മല്ലി കോടതിയെ സമീപിച്ചതോടെ യാണ് പോലീസ് കേസെടുത്തത്.