തിരുവനന്തപുരം- ഗവര്‍ണറെ അപമാനച്ച് തിരുവനന്തപുരം സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ ബാനര്‍. 'ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍' എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. സംസ്‌കൃത കോളജ് എസ്.എഫ്.ഐ യൂണിറ്റിന്റെ പേരില്‍ കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായാണ് കറുത്ത തുണിയില്‍ ബാനര്‍ കെട്ടിയത്. സംഭവത്തില്‍ രാജ്ഭവന്‍ കേരള യൂണിവേഴ്‌സിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കാന്‍ വിസി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ കെ.ഡി.ശോഭ വിശദീകരണം നല്‍കി.
ഗവര്‍ണറെ ആക്ഷേപിച്ച് കെട്ടിയ ബാനറിനടിയിലൂടെയായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു സംസ്‌കൃത കോളജില്‍ നടന്ന നവരാത്രി വിദ്വത് സദസ് ഉദ്ഘാടനം ചെയ്യാനെത്തിയത്. എന്നാല്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംഭവത്തെ ലഘൂകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. കുട്ടികള്‍ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ്. കുട്ടികള്‍ക്ക് മുതിര്‍ന്നവരോളം തന്നെ പരിപക്വമായ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. ഇതിനിടെ പഴയ ബാനര്‍ അഴിച്ചുമാറ്റിയ എസ്.എഫ്.ഐ പുതിയ ബാനര്‍ ഉയര്‍ത്തി. 'പണ്ടിവിടെ ജന്മിത്തമുണ്ടായിരുന്നു... രാജഭരണവും... അവയൊന്നും തനിയെ നാടുനീങ്ങിയതല്ല... ഗവര്‍ണറിസം അനുവദിക്കില്ല' എന്നാണ് പുതിയ ബാനറിലെ വാചകങ്ങള്‍.