- ഗവർണർക്കെതിരായ സർക്കാർ ഓർഡിനൻസിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സമരത്തിനിറങ്ങും. സമസ്ത-സി.ഐ.സി പ്രശ്നത്തിൽ ഇടപെടില്ലെന്നും ലീഗ് ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം
മലപ്പുറം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കണ്ടതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുകയുണ്ടായി. കെ സുധാകരനും ലീഗ് നേതാക്കളുമായി സംസാരിച്ചു, ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന ഉറപ്പ് തന്നതായും അദ്ദേഹം അറിയിച്ചു.
സമസ്ത-സി.ഐ.സി പ്രശ്നത്തിൽ ലീഗ് ഇടപെടില്ല. പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ സമസ്ത നേതൃത്വത്തിനാവും. അതിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും സലാം വ്യക്തമാക്കി. രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സമരത്തിനിറങ്ങും.
ഗവർണർക്കെതിരായ ഓർഡിനൻസ് എതിർക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനത്തോട് സലാം പ്രതികരിച്ചു. ഓർഡിനൻസ് വിഷയത്തിൽ ലീഗ് തീരുമാനമെടുത്തിട്ടില്ല. സതീശൻ പറഞ്ഞത് കോൺഗ്രസ് തീരുമാനമാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. യു.ഡി.എഫിൽ വിഷയം ചർച്ചയ്ക്കു വന്നാൽ നിലപാട് അറിയിക്കുമെന്നും സലാം ചോദ്യങ്ങളോടായി പ്രതികരിച്ചു.