കര്‍ണാടകയില്‍ വ്യാജ ഐഡി കാര്‍ഡ്  നാടകം; ബിജെപി നീക്കം പാളി

ബംഗളുരൂ- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 10,000 വ്യാജ തിരിച്ചറിയല്‍ രേഖകള്‍ പിടികൂടി നാടകം. ബംഗളുരുവിലെ ഒരു അപാര്‍ട്ട്മെന്റിലാണ് വ്യാജ വോട്ടര്‍ ഐഡി രേഖകള്‍ കണ്ടെത്തിയത്. അതേസമയം ഇവിടെ പോലീസോ തെരഞ്ഞെടുപ്പു കമ്മീഷനോ റെയ്ഡ് നടത്തിയിട്ടില്ല. ബിജെപി പ്രവര്‍ത്തകരാണ് ഇവ കണ്ടെത്തിയത്. ഇതിനു തൊട്ടുപിറകെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി ബിജെപി രംഗത്തു വന്നതും അര്‍ധരാത്രി തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതും നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള അപാര്‍ട്ട്മെന്റാണിതെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ ഈ അപാര്‍ട്ടമെന്റ് ഉടമ ബിജെപി നേതാവാണെന്നും വ്യാജ തെളിവുകള്‍ സ്ഥാപിച്ച് ബിജെപി കളിക്കുന്ന നാടകം തങ്ങള്‍ പൊളിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടടുത്ത സമയത്താണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ സഞ്ജീവ് കുമാര്‍ തിടുക്കത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് രണ്ടു പെട്ടി നിറയെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയ കാര്യം വെളിപ്പെടുത്തിയത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ ലഭിക്കുന്ന കൗണ്ടര്‍ഫോയില്‍ ചീട്ടുകളാണിവയെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇവയുടെ നിറം തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന ഫോമുകളുടെ നിറമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനകം ഇതുപരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതു ബിജെപി ഗൂഢാലോചനയായിരുന്നുവെന്നും അത് തങ്ങള്‍ പൊളിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. ബിജെപി നേതാവ് മഞജുള നഞ്ജമരിയുടെ ഉടമസ്ഥതയിലുള്ള അപാര്‍ട്ട്മെന്റില്‍ ബിജെപി തന്നെ ഒരുക്കിയ നാടകം പൊളിഞ്ഞിരിക്കുകയാണ്. മഞ്ജുള ഈ അപ്പാര്‍ട്ട്മെന്റ് അവരുടെ മകനു തന്നെ വാടകയ്ക്കു നല്‍കിയതാണ്. ഈ മകന്‍ 2015-ല്‍ ബിജെപി ടിക്കറ്റില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളുമാണ്. അപാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയത് പോലീസോ തെരഞ്ഞെടുപ്പു കമ്മീഷനോ ഒന്നുമല്ല, ബിജെപി പ്രവര്‍ത്തകരാണ്- സുര്‍ജെവാല പറഞ്ഞു. 

രാജ് രാജേശ്വരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നാരോപിച്ച് നിമിഷങ്ങള്‍ക്കം വിവിധയിടങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്തതും സംശയത്തിനിടയാക്കി. ബംഗളുരൂവിലെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ് രാജ് രാജേശ്വരി.

Latest News