ന്യൂദല്‍ഹി- മതപരിവര്‍ത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ പണം നല്‍കുന്നെന്ന് ആര്‍ എസ് എസിന്റെ പ്രസിദ്ധീകരണമായ 'ഓര്‍ഗനൈസര്‍ '. 'അമേസിംഗ് ക്രോസ് കണക്ഷന്‍' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങള്‍. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്' എന്ന അനധികൃതസംഘടനയുമായി ആമസോണിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന് സഹായിക്കുന്നുവെന്നുമാണ് ആര്‍ എസ് എസിന്റെ പ്രധാന ആരോപണം. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് ഇന്ത്യയില്‍ ഓള്‍ ഇന്ത്യ മിഷന്‍ (എ ഐ എം) എന്ന പേരില്‍ ഉപസംഘടനയുണ്ട്. ഈ സംഘടനവഴി 25,000 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങള്‍ ആമസോണ്‍ നിഷേധിച്ചു. ആമസോണ്‍ ഇന്ത്യയ്ക്ക് ഓള്‍ ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.