തേഞ്ഞിപ്പലം (മലപ്പുറം) - സി.ഐ.സി-സമസ്ത വിവാദത്തിൽ പ്രഫ. അബ്ദൽഹക്കീം ഫൈസി ആദൃശ്ശേരിയെ സ്ഥാനങ്ങളിൽനിന്ന് നീക്കിയതിന് പിന്നാലെ വീണ്ടും അച്ചടക്ക നടപടിക്കു നീക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സമസ്ത പ്രവാസി സെൽ സംസ്ഥാന വൈസ് ചെയർമാനും സി.ഐ.സി വൈസ് പ്രസിഡന്റുമായ പി.എസ്.എച്ച് തങ്ങൾക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കണമെങ്കിൽ ഒരാഴ്ചക്കകം വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പ്രവാസി സെൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹംസക്കുട്ടി മുസലിയാർ, ജനറൽ സെക്രട്ടറി ഇസ്മായിൽ കുഞ്ഞുഹാജി എന്നിവരാണ് നോട്ടീസ് നൽകിയത്.
സി.ഐ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന സമസ്തയുടെ വിലക്ക് അവഗണിച്ച പാണക്കാട് കുടുംബാംഗങ്ങൾക്കൊപ്പം ശക്തമായി നിലകൊണ്ട വ്യക്തിയാണ് പ്രവാസി നേതാവ് കൂടിയായ പി.എസ്.എച്ച് തങ്ങൾ. ഹക്കീം ഫൈസിയെ പുറത്താക്കിയപ്പോഴും ശക്തമായി പ്രതികരിച്ചിരുന്നു.