ന്യൂദല്‍ഹി- രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ യുദ്ധ വിമാനങ്ങളിറക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ചൈനയെ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മലാക്ക, സുന്‍ഡ, ലംബോക്, ഒംബൈ വെറ്റര്‍ കടലിടുക്കുകള്‍ക്കു സമീപം യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ ദക്ഷിണ ചൈനാ കടലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കടലിടുക്കുകളാണിത്. ഈ ഇടുങ്ങിയ കടല്‍പാതകളിലൂടെയാണ് ലോക വ്യാപാരത്തിന്റെ 70 ശതമാനവും കടന്നു പോകുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യയുടെ പിന്നാമ്പുറത്തെ ഈ മേഖലയില്‍ ചൈന യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും ആണവ മുങ്ങിക്കപ്പലടക്കം കൂടുതലായി വിന്യസിച്ചു വരികയാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് ഈയിടെ ഇന്ത്യന്‍ നാവിക സേന ഒരു മൗന സന്ദേശം ചൈനയ്ക്കു നല്‍കിയിരുന്നു.
കാര്‍ നിക്കോബാര്‍, കാംപെല്‍ ബേ എന്നീ വ്യോമസേനാ താവളങ്ങളിലായിരിക്കും പോര്‍വിമാനങ്ങള്‍ വിന്യസിക്കുക. ഇതിനായി ഇവിടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇതിനു പുറമെ വ്യോമസേനയുടെ അന്തമന്‍ ആന്റ് നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഉത്തരവും ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ചൈനയുടെ ഈ നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പോര്‍ വിമാനങ്ങള്‍ ഇന്ത്യ വിന്യസിച്ച് പ്രതിരോധം ശക്തിപ്പെടുത്തുന്നത്. 3,488 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി നിയന്ത്രണ രേഖയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ തണുപ്പിക്കാനുള്ള നടപടികള്‍ തുങ്ങിവച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഈ മേഖലയില്‍ ഇന്ത്യയുടെ 19 പ്രധാന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് ഫ്ളോട്ടിങ് ഡോക്കുകളും ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. യുദ്ധ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ ഇവിടെ വെച്ചുതന്നെ നടത്താനാണിത്.