Sorry, you need to enable JavaScript to visit this website.

നടനാകാനെത്തിയ അടയ്ക്കാ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ പെണ്‍കുട്ടി അറസ്റ്റില്‍

മലപ്പുറം- അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും ഉള്‍പ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പെണ്‍കുട്ടി അറസ്റ്റില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പോലീസിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വ്യാപാരിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തെങ്കിലും പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ പങ്കാളിയായ പെണ്‍കുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രായപൂര്‍ത്തി ആയതോടെ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയത്.
2019ല്‍ നടന്ന സംഭവത്തില്‍ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജില്‍ എത്തിച്ച് മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ആഡംബര കാറും സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

 

Latest News