Sorry, you need to enable JavaScript to visit this website.

അലീഗഢ് ഗസ്റ്റ് ഹൗസില്‍നിന്ന് സര്‍ സയ്യിദിന്റെ ചിത്രം നീക്കി; പകരം മോഡി  

അലീഗഢ്- ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള അലീഗഢ് ഗസ്റ്റ് ഹൗസിലെ സ്വീകരണ മുറിയില്‍ വര്‍ഷങ്ങളായി തൂങ്ങിയിരുന്ന അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്്മദ് ഖാന്റെ ഛായാ ചിത്രം നിഗൂഢമായി നീക്കം ചെയ്തു പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത് സ്ഥാപിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു പ്രകാരമാണ് ഛായാചിത്രം മാറ്റിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഛായാചിത്രവും സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല. സര്‍ സയ്യിദിന്റെ ഛായാചിത്രം എന്തു കൊണ്ടു നീക്കം ചെയ്തു എന്നതിനു പ്രത്യേക കാരണങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നില്ല. ഇതു സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് സി.ബി സിങ് പറഞ്ഞു. ഗസ്റ്റ് ഹൗസ് പൊതുമരാമത്ത് വകുപ്പിന്റെ സ്വത്താണെന്നും ഇവിടെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1938ല്‍ സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ഛായാ ചിത്രത്തിന്റെ പേരില്‍ വിവാദമുണ്ടായ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ഈ ഗസ്റ്റ് ഹൗസ്.

Latest News