കൊൽക്കത്ത - സ്വയം ശൗചാലയത്തിൽ പോകാത്തതിന് മൂന്ന് വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ആനന്ദ്പൂരിലാണ് സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ പിതാവ് ബിജോയ് മൊണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ, മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചതാണെന്നാണ് ബിജോയ് ആദ്യം പറഞ്ഞുപരത്തിയതെന്ന് പോലീസ് പറഞ്ഞു. ശേഷം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശൗചാലയത്തിൽ പോകാൻ കൂട്ടാക്കാത്ത കുട്ടിയെ പെട്ടെന്നുള്ള കോപത്തിൽ തല്ലുകയായിരുന്നുവെന്നാണ് ബിജോയ് ഇപ്പോൾ പറയുന്നത്. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തല ശൗചാലയത്തിന്റെ ചുമരിൽ ഇടിച്ചു. ഇതോടെ കുട്ടിക്ക് ബോധം നഷ്ടമായി, പിന്നീട് മരണത്തിൽ കലാശിക്കുകയാണുണ്ടായതെന്ന് പിതാവ് വിശദീകരിച്ചു.
മദ്യപിച്ചാണ് ബിജോയ് കുട്ടിയെ തല്ലിക്കൊന്നതെന്നാണ് പോലീസ് നിഗമനം. മദ്യപിച്ചെത്തിയ പിതാവിനോട് കുട്ടി ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായാണ് പ്രതി കുട്ടിയെ തല്ലിയതെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കളെ സന്ദർശിക്കാൻ പോയിരുന്ന ഭാര്യയെ സംഭവ ശേഷം പ്രതി വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭാര്യാ മാതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കാര്യങ്ങൾ സമ്മതിച്ചത്.