മലപ്പുറം- സമസ്തയിൽനിന്ന് ഒരുഘട്ടത്തിലും വേറിട്ടുപോകില്ലെന്നും മറ്റൊരു സംഘടന രൂപീകരിക്കില്ലെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി. ഫെയ്‌സ്ബുക്ക് ലൈവിലാണ് ഫൈസി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ സമസ്തയിൽനിന്ന് പുറത്താക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് വിജയിക്കില്ലെന്നും ഫൈസി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങൾ പറഞ്ഞ് കുടുംബത്തെ വരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. മകനെയും മകളെയും വരെ ചിലർ വിശദീകരണ യോഗങ്ങൡ പരാമർശിച്ചു. തനിക്കും സി.ഐ.സിക്കും എതിരെ സമസ്ത തയ്യാറാക്കിയ കത്തിൽ വസ്തുതാ വിരുദ്ധ പരാമർശങ്ങളുണ്ട് എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ, സമസ്തക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. തന്റെ ഉസ്താദുമാർ കൂടി കെട്ടിപ്പടുത്ത ഒരു സംവിധാനമാണ് സമസ്ത. അവരുടെ ആത്മാവിനെതിരെ കേസ് കൊടുക്കില്ലെന്നും ഹക്കീം ഫൈസി പറഞ്ഞു.
നേരത്തെ തീർപ്പായ കാര്യങ്ങൾ സംബന്ധിച്ചാണ് ഇപ്പോഴും തനിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഒരു കാര്യവും പുതുതായി പറയാനില്ല. മതരാഷ്ട്രവാദം രാജ്യത്തിനും സമൂഹത്തിനും മതത്തിനും ആപത്താണ് എന്നാണ് അഭിപ്രായം. അക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ തന്നിൽ ആദർശവ്യതിയാനം ആരോപിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇല്ലാത്ത ആശയങ്ങൾ എനിക്കുണ്ട് എന്ന് പറഞ്ഞ് മാറ്റിനിർത്തി കാര്യം നേടാനുള്ള ശ്രമമാണ് എന്നും അദ്ദേഹം പറഞ്ഞു.