വാഷിംഗ്ടൺ- ഇറാനുമായുളള ആണവ കരാറിൽനിന്ന് പിന്മാറുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ ഏറ്റവും ഉയർന്ന തോതിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രഖ്യാപനം ഇന്നലെ ഉച്ചക്ക് വൈറ്റ് ഹൗസിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് ഉണ്ടായത്. ആണവകരാർ മൗലികമായിതന്നെ നിരവധി കുറവുകളും അപര്യാപ്തതകളും നിറഞ്ഞതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കൻ നിലപാടിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. മധ്യപൗരസ്ത്യ ദേശത്ത് കൂട്ടനശീകരാണായുധങ്ങൾ ഇല്ലാതായാൽ മാത്രമേ സമാധാനമുണ്ടാകൂ എന്ന് അവർ വ്യക്തമാക്കി. ആണവ കരാറിനെ ഇറാൻ ചൂഷണം ചെയ്യുകയായിരുന്നുനെന്നും സൗദി പറഞ്ഞു.
ട്രംപിന്റെ മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ നടപ്പാകുന്നത്. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പങ്കാളിയായ കരാറിൽനിന്ന് പിന്മാറുന്നതിനെതിരെ ഫ്രാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. കരാറിൽനിന്ന് പിന്മാറുന്നത് യുദ്ധത്തിന് വഴിവെക്കുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിന് മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇറാനെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായിൽ പ്രധാനമന്ത്രി പ്രകീർ ത്തിച്ചു. ധീരവും ശരിയായതുമായ തീരുമാനമാണിതെന്ന് ബിൻയാമിൻ നെതന്യാഹു വ്യക്തമാക്കി.
ട്രംപ് പിന്മാറിയെങ്കിലും കരാറിൽ ഉറച്ചുനിൽക്കാൻ കരാറിന്റെ ഭാഗമായ മറ്റു രാജ്യങ്ങളോട് യൂറോപ്യൻ യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇറാനെ സംബന്ധിച്ച് ചരിത്രപരമായ അനുഭവമാണിതെന്നായിരുന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രതികരണം. 2015 ൽ രൂപം കൊണ്ട കരാർ തികച്ചും ഏകപക്ഷീയവും ഭയാനകവുമായ കരാറാണെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ സാ മ്പത്തിക ഉപരോധം ആറു മാസത്തിനകമേ ഉണ്ടാകൂ എന്നാണ് സൂചന.