ലണ്ടന്‍- ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള പിരിച്ചുവിടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാര്‍ത്തൊഴിലാളികളെ കൂടി ട്വിറ്റര്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ട്വിറ്ററിന് പിന്നാലെ ആമസോണും പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നടപടി. എന്നാല്‍ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തില്‍ 1.6 മില്യന്‍ ജോലിക്കാര്‍ ആമസോണിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലാണ്. ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നല്‍കിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്.