തിരുവനന്തപുരം- സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അന്യായമായി ഇടപെടുന്നതിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി. രാവിലെ 10.30നാണ് മാര്‍ച്ച് ആരംഭിച്ചത്. കേരളത്തിന്റെ രോഷം ഗവര്‍ണര്‍ അറിയുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ വിചാരിച്ചാല്‍ നാട് സ്തംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ മാര്‍ച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ ചട്ടുകമാകുന്നത് അവസാനിപ്പിക്കണമെന്ന് എം.എ ബേബിയും പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല . മാര്‍ച്ചിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. വെള്ളയമ്പലം ജങ്ഷനില്‍ നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്.
മാര്‍ച്ചില്‍ ദേശീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ ഡി.എം.കെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ കൈകടത്തുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമാണ് രാജഭവന്‍ മാര്‍ച്ച്. ഗവര്‍ണര്‍ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനില്‍ ഒരുക്കിയിട്ടുള്ളത്.