ദമാം- പ്രവാസികളുടെ തൊഴിൽപരമായ അനുഭവ സമ്പത്തിനെയും കർമശേഷിയെയും സമഗ്രമായി ഉപയോഗിച്ച് കൊണ്ട് കേരളത്തിലെ നിർമാണ-തൊഴിൽ മേഖലകളിൽ ജബൽ വെഞ്ചേഴ്‌സ് ഗ്രുപ്പുമായി കൈ കോർത്തുകൊണ്ട് വ്യത്യസ്ത നിർമാണ-തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ കെ.എം.സി.സിയും, ജബൽ ഗ്രൂപ്പും പരസ്പര ധാരണയായി. ഇതിന്റെ ആദ്യ പടി എന്നോണം കോഴിക്കോട് ജില്ലയിലെ മുക്കം മരഞ്ചാട്ടിയിൽ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാർക്കിൽ ജബൽ ഗ്രൂപ്പ് ദമാം കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സിക്ക് സൗജന്യമായി പത്ത് സെന്റ് സ്ഥലം അനുവദിച്ചു നൽകും.
വ്യവസായിക തൊഴിൽ പരമായ സാധ്യതകളെയും, നവീന ഇൻവെസ്റ്റ്‌മെന്റ് പാക്കേജുകളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതിയിൽ വിവിധങ്ങളായ നിർമാണ, തൊഴിൽ യൂനിറ്റുകൾക്ക് രൂപം നൽകും. ദമാം റെഡ് ടേബിൾ ഹോട്ടലിൽ വെച്ച് ചേർന്ന ചടങ്ങിൽ ജബൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി. അബ്ദുൽ സലാം മുക്കം സൗദി കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന് നൽകിക്കൊണ്ട് ധാരണ പത്രം കൈമാറി. കോവിഡാനന്തര കാലത്ത് പ്രവാസി പുനരധിവാസത്തിനു കരുതലോടു കൂടിയുള്ളതും, പുതിയ വെല്ലുവിളികളെ അതിജയിക്കാനാവുന്നതുമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നു ജബൽ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ സലാം അഭിപ്രായപ്പെട്ടു.
ജബൽ ഗ്രൂപ്പിന് കീഴിൽ മുക്കം മരഞ്ചാട്ടിയിൽ തുടക്കം കുറിക്കുന്ന ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്കിൽ 250 ൽ പരം നിർമാണ-വ്യവസായിക യൂനിറ്റുകളിലായി 500 ൽ പരം പ്രോഡക്റ്റ്കൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നും ഇതിനായി പ്രവാസികളുടെ കൂടി നിക്ഷേപങ്ങൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി നേതാക്കളായ സി.പി. ശരീഫ്, ജൗഹർ കുനിയിൽ, സഹീർ മുസ്‌ലിയാരങ്ങാടി, ദമാം കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ആസിഫ് മേലങ്ങാടി, ജനറൽ സെക്രട്ടറി റസാഖ് ബാവു ഓമാനൂർ, ട്രഷറർ അസീസ് കാരാട്, ഷംസു കോട്ടയിൽ, ഫവാസ് വാഴക്കാട്, അഫ്താബ്, സലീൽ വാവൂർ, തുടങ്ങിയവർ സംബന്ധിച്ചു.