കീവ്- യുദ്ധം എട്ടുമാസം പിന്നിട്ടതിനിടെ റഷ്യന്‍ അധിനിവേശത്തെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ നേരിട്ട് ഉക്രൈന്‍. റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ 50 ശതമാനവും ഉക്രൈന്‍ തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടമടക്കം പുറത്തുവന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ യുദ്ധം തുടരുകയാണ്. കഴിഞ്ഞയാഴ്ച ഉക്രൈനിലെ ഖേഴ്‌സണില്‍നിന്ന് റഷ്യ പിന്മാറിയത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി. പുടിന്റെ സൈന്യം കീഴടക്കിയ ഏറ്റവും വലിയ നഗരകേന്ദ്രമായിരുന്നു ഖേഴ്‌സണ്‍.
റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ 50 ശതമാനവും ഉക്രൈന്‍ തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെടുന്ന ഭൂപടം എ.ബി.സി ന്യൂസിന്റെ വിദേശ പ്രതിനിധി ജെയിംസ് ലോങ്മാനാണ് ട്വിറ്ററില്‍ പങ്കുവച്ചത്. മാര്‍ച്ച്- നവംബര്‍ മാസങ്ങളിലെ ഉക്രൈനിന്റെ ഭൂപടങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഖേഴ്‌സണില്‍നിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെ ഉക്രൈന്‍ സൈന്യം നഗരമധ്യത്തില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു. ഉക്രൈന്‍പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി തിങ്കളാഴ്ച ഖേഴ്‌സണ്‍ സന്ദര്‍ശിച്ചിരുന്നു. അവിടം വിടുന്നതിന് മുമ്പ് റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു.' നമ്മള്‍ മുന്നോട്ട് നീങ്ങുകയാണ്' വ്‌ളോദിമിര്‍ സെലന്‍സ്‌കി ഉക്രൈന്‍ സൈന്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. യുദ്ധത്തില്‍ റഷ്യയെ എതിര്‍ത്ത് രാജ്യത്തോടൊപ്പംനിന്നതിന് നാറ്റോയോടും മറ്റ് സഖ്യകക്ഷികളോടും അദ്ദേഹം നന്ദി പറഞ്ഞു.