മഡ്രീഡ് - അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫഹദ് അൽമുവല്ലദ് സ്പാനിഷ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന പ്രഥമ സൗദി അറേബ്യൻ കളിക്കാരനായി. ലെഗാനീസിനെതിരായ ലെവാന്റെയുടെ 3-0 വിജയത്തിൽ എൺപതാം മിനിറ്റിൽ എനിസ് ബർദിക്ക് പകരക്കാരനായാണ് ഫഹദ് കളത്തിലിറങ്ങിയത്. അൽഇത്തിഹാദിൽ നിന്ന് ലോണിലാണ് ഫഹദ് ലെവാന്റെയിൽ കളിക്കുന്നത്. ലോകകപ്പിന് മുമ്പ് യൂറോപ്യൻ ഫുട്ബോളുമായി പരിചയിക്കാൻ സൗദി ഫെഡറേഷൻ സ്പെയിനിലേക്കയച്ച ഒമ്പത് കളിക്കാരിലൊരാളാണ്. ജപ്പാനെതിരായ മത്സരത്തിൽ ഫഹദ് നേടിയ ഗോളാണ് സൗദിക്ക് ഇത്തവണ ലോകകപ്പ് ബെർത്തുറപ്പിച്ചത്.
16 മത്സരങ്ങളിൽ റിസർവ് ബെഞ്ചിലിരുന്ന ശേഷമാണ് ഫഹദിന് അവസരം കിട്ടിയത്. ലെവാന്റെക്ക് ലീഗിൽ രണ്ട് മത്സരം കൂടിയുണ്ട്, ബാഴ്സലോണക്കും സെൽറ്റവീഗോക്കുമെതിരെ. സൗദി ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം റിസർവ് ബെഞ്ചിലിരിക്കേണ്ടി വന്നത് ദേശീയ കോച്ച് ആന്റോണിയൊ പിസിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. സാലിം അൽദോസരി, യഹ്യ അൽശെഹ്രി എന്നിവർക്കും വൈകാതെ അവസരം കിട്ടുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. ഫഹദ് ടീമിലെത്തിയതിനു പിന്നാലെ ലെവാന്റെ സൗദി മൊബൈൽ കമ്പനി ജാവിയുമായി സ്പോൺസർഷിപ് കരാറുണ്ടാക്കിയിരുന്നു. 40 രാജ്യാന്തര മത്സരങ്ങൾ കളിച്ച ശെഹ്രിയാണ് കൂട്ടത്തിൽ ഏറ്റവും പരിചയ സമ്പന്നൻ. എന്നാൽ ലെഗാനീസിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കാൻ ശെഹ്രിക്കു സാധിച്ചില്ല.
സ്പാനിഷ് ലീഗിലേക്ക് പോയ ഒമ്പത് കളിക്കാരിൽ പത്തൊമ്പതുകാരൻ അബ്ദുല്ല ഹംദാൻ ഒവീദോക്കെതിരായ അണ്ടർ-19 ലീഗ് മത്സരത്തിൽ പത്തു മിനിറ്റോളം സ്പോർടിംഗ് ഗിഹോണിന് കളിച്ചിരുന്നു. സ്പെയിനിലാണ് കളിക്കുന്നതെങ്കിലും സൗദി കളിക്കാരുടെ വേതനം സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയാണ് വഹിക്കുന്നത്.