അബുദാബി - യു.എ.ഇയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്നത് നിയന്ത്രിക്കുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതിയില്ലാതെ മൊത്ത വിതരണക്കാരും ചില്ലറ വ്യാപാരികളും നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍ ഉയര്‍ത്തുന്നത് സര്‍ക്കാര്‍ വിലക്കി. ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷിയെ പൊതുവെ ബാധിക്കുന്നതുമായ പാചക എണ്ണ, മുട്ട, പാലുല്പന്നങ്ങള്, അരി, പഞ്ചസാര, കോഴിയിറച്ചി, റൊട്ടി, ഗോതമ്പ്, പരിപ്പുവര്‍ഗങ്ങള്‍ എന്നീ ഒമ്പതിനം അടിസ്ഥാന വസ്തുക്കളുടെ വിലനിര്‍ണയ നയമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
ഇത് പ്രാഥമിക പട്ടികയാണ്. പ്രാദേശിക വിപണിയിലെ വില വികാസങ്ങളും സമ്പ്രദായങ്ങളും അനുസരിച്ച് മറ്റു അടിസ്ഥാന ഉല്പന്നങ്ങളും പിന്നീട് പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് സര്‍ക്കാര്‍ പ്രസ്താവന പറഞ്ഞു.