റാമല്ല- ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള അടുത്ത മന്ത്രിസഭ തീവ്രവാദത്തിലേക്കും വംശീയതയിലേക്കുമുള്ള ഇസ്രായേല്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തെയാണ് പ്രതിഫലിപ്പിക്കുകയെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹമ്മദ് മജ്ദലാനി.
ഇസ്രായേല്‍ സര്‍ക്കാര്‍ വലതുപക്ഷ ഫാസിസ്റ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും പരിപാടിയും അന്താരാഷ്ട്ര പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലിക്കുഡ് പാര്‍ട്ടി നേതാവ് ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രയേലിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ പിഎല്‍ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചൊവ്വാഴ്ച റാമല്ലയില്‍ യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ഇസ്രായേലി ഗവണ്‍മെന്റിന് പുതിയ പലസ്തീനിയന്‍ കാഴ്ചപ്പാടും വ്യത്യസ്തമായ നയവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യവും ദ്വിരാഷ്ട്ര പരിഹാരവും സംരക്ഷിക്കാന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ നിയോഗിച്ച തീവ്ര വലതുപക്ഷ മന്ത്രിമാരുമായി ഇടപെടരുതെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.