സോളോ- ഇന്തോനേഷ്യയിലെ സോളോ നഗരത്തില്‍ നിര്‍മിച്ച ശൈഖ് സായിദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇരു നേതാക്കളും പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ നിര്‍വഹിക്കാറുള്ള അഭിവാദ്യ നമസ്‌കാരം നിര്‍വഹിച്ചു. മിഹ്‌റാബില്‍ തൂക്കിയിടുന്ന സ്മാരക ഫലകത്തില്‍ ഇരുവരും ഒപ്പുവച്ചു.
അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനു സമാനമാണ് ഈ പള്ളി. പരമ്പരാഗത ഇന്തോനേഷ്യന്‍ ഡിസൈനുകള്‍ സംയോജിപ്പിച്ച് പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.
56 താഴികക്കുടങ്ങളും നാല് മിനാരങ്ങളും പ്രധാന പ്രാര്‍ത്ഥനാ സ്ഥലത്ത് 32 നിരകളും ഉള്‍ക്കൊള്ളുന്ന പുതിയ മസ്ജിദിന് 10,000 വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.
യുഎഇയുടെ സ്ഥാപക പിതാവിന്റെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ട പള്ളി അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല ബന്ധത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത യു.എ.എ പ്രസിഡന്റിന് ഇന്തോനോഷ്യന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു.