റിയാദ് - ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ റഷ്യക്കാരനെയും കനേഡിയൻ പൗരനെയും ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു. പതിനഞ്ചു ദിവസത്തിനിടെ 71 ഭീകരരെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിൽ പതിനൊന്നു പേർ സൗദികളും പതിനൊന്നു പേർ യെമനികളും ഏഴു പേർ ഈജിപ്തുകാരും പതിനൊന്നു പേർ സുഡാനികളുമാണ്. സിറിയ, ലെബനോൻ, കിർഗിസ്ഥാൻ, തുർക്കി, എരിത്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീകരരും രണ്ടാഴ്ചക്കിടെ അറസ്റ്റിലായിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 5,342 ഭീകരരാണ് അറസ്റ്റിലുള്ളത്. ഇക്കൂട്ടത്തിൽ കേസ് വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെട്ടവരും വിചാരണ കാത്തുകഴിയുന്നവരും കേസ് അന്വേഷണ ഘട്ടത്തിലുള്ളവരുമുണ്ട്. ഭീകരരിൽ ഏറ്റവും കൂടുതൽ പേർ സൗദികളാണ്. സൗദിയിൽ നിന്നുള്ള 4,411 പേർ അറസ്റ്റിലുണ്ട്. രണ്ടാം സ്ഥാനത്ത് യെമനികളും മൂന്നാം സ്ഥാനത്ത് സിറിയക്കാരുമാണ്. 334 യെമനികളും 203 സിറിയക്കാരും 78 പാക്കിസ്ഥാനികളും 76 ഈജിപ്തുകാരും 34 സുഡാനികളും 18 തുർക്കികളും 22 ഫലസ്തീനികളും ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സൗദിയിൽ അറസ്റ്റിലുണ്ട്. ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒമ്പതു പേരും പതിനാലു കുടിയേറ്റ ഗോത്രക്കാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
യു.എ.ഇ, ബഹ്‌റൈൻ, അൾജീരിയ, സോമാലിയ, ഇറാഖ്, ഫിലിപ്പൈൻസ്, കുവൈത്ത്, മൊറോക്കൊ, ഇന്ത്യ, അമേരിക്ക, യെമൻ, ഇറാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ബുർകിനാഫാസോ, തുർക്കി, ഛാഢ്, ദക്ഷിണാഫ്രിക്ക, ജിബൂത്തി, സിറിയ, ഫലസ്തീൻ, കിർഗിസ്ഥാൻ, ഖത്തർ, കാനഡ, ലെബനോൻ, ലിബിയ, മാലി, ഈജിപ്ത്, മൗറിത്താനിയ, മ്യാന്മർ, നൈജീരിയ എന്നീ 41 രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ സൗദിയിൽ അറസ്റ്റിലുണ്ട്. കെനിയ, ശ്രീലങ്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീകരരും സൗദിയിൽ ആദ്യമായി അറസ്റ്റിലായിട്ടുണ്ട്.