ന്യൂദല്‍ഹി- പോക്‌സോ നിയമം കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണെന്നും സമ്മതത്തോടെയുള്ള യുവാക്കളുടെപ്രണയത്തെ ക്രിമിനല്‍ കുറ്റമാക്കരുതെന്നും ദല്‍ഹി ഹൈക്കോടതി.
പോക്‌സോ പ്രകാരമുള്ള തട്ടിക്കൊണ്ടുപോകലിനും കുറ്റകൃത്യത്തിനും കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. തട്ടിക്കൊണ്ടുപോകല്‍ (സെക്ഷന്‍ 363), ബലാത്സംഗം (സെക്ഷന്‍ 376) എന്നിവ പ്രകാരം ലൈംഗികാതിക്രമം (സെക്ഷന്‍ 6), പ്രേരണ (സെക്ഷന്‍ 17) എന്നീ കുറ്റങ്ങള്‍ ചുമത്തിയ യുവാവിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ജസ്മീത് സിംഗിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
സുഹൃത്തായ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പഞ്ചാബിലേക്ക് തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്നാണ് കേസ്. 2021 ഒക്ടോബറിലായിരുന്നു സംഭവം. യുവാവിനെതിരെ പെണ്‍കുട്ടിയുടെ പിതാവാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. 17 വയസ്സായ ഈ പെണ്‍കുട്ടിയെ അതിനു മുമ്പ് 2021 ജൂണ്‍ 30 ന് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ യുവാവിനോടൊപ്പം താമസിക്കാന്‍ തയാറാകാതെ സ്വന്തം വീട്ടിലെക്ക് മടങ്ങുകയായിരുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുകയാണ് പോക്‌സോയുടെ ഉദ്ദേശമെന്നും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മില്‍ ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങള്‍ ഒരിക്കലും കുറ്റകരമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. ഓരോ കേസിന്റെയും വസ്തുതകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഇത് കാണേണ്ടതുണ്ട്. ലൈംഗികാതിക്രമത്തെ അതിജീവിച്ചയാള്‍ സമ്മര്‍ദ്ദത്തിലോ ആഘാതത്തിലോ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിതരായേക്കാമെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു.
പ്രതി 2021 ഡിസംബര്‍ 31 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നതായി പ്രതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. ദമ്പതിമാര്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ പ്രതിയുമായുള്ള ബന്ധത്തിന് നിര്‍ബന്ധിച്ച കേസല്ല ഇതെന്ന് പിന്നീട് ഹൈക്കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയി തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണെന്നും അവര്‍ തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും ഇരയുടെ മൊഴി വ്യക്തമാക്കുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവളുടെ സമ്മതത്തിന് നിയമപരമായ സാധുത ഇല്ലെങ്കിലും ജാമ്യം നല്‍കുമ്പോള്‍ സ്‌നേഹത്തില്‍ നിന്ന് ഉടലെടുത്ത ഉഭയകക്ഷി ബന്ധത്തിന്റെ വസ്തുത പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹൈക്കോടതി ജഡ്ജി പറഞ്ഞു.