ദുബായ്- ആ പൂച്ചയെ ഓര്‍മയില്ലേ.... കെട്ടിടത്തിന് മുകളില്‍ കുടുങ്ങി പുറത്തുവരാനാകാതെ വിഷമിച്ച ഗര്‍ഭിണിപ്പൂച്ച. രണ്ട് മലയാളികളടക്കം നാലു വഴിപോക്കര്‍ ചേര്‍ന്ന് അതിനെ പുറത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ആ ജീവകാരുണ്യ പ്രവൃത്തിക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സമ്മാനവും ലഭിച്ചു.
ആ പൂച്ചയേയും അതിന്റെ കുഞ്ഞിനേയും കാണണമോ. എങ്കില്‍ ശൈഖ് മുഹമ്മദിന്റെ അടുത്തേക്ക് തന്നെ പോകണം. അതിനെ ഇപ്പോഴും അദ്ദേഹം പരിപാലിക്കുന്നു എന്നത് അത്ഭുതമല്ലേ....
മുകളിലെ ഫോട്ടോ നോക്കുക. യു.എ.ഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഇടയിലിരിക്കുന്ന ആ പൂച്ച അന്ന് രക്ഷിച്ച പൂച്ചയുടെ കുഞ്ഞാണ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സംസാരിക്കുന്നതിനിടയിലാണ് പൂച്ചക്കുട്ടി ഇരിക്കുന്നത്. ദുബായ് മീഡിയ ഓഫിസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണി പൂച്ചയെ 2021 ഓഗസ്റ്റിലാണ് നാലു പേര് ചേര്‍ന്ന് രക്ഷിച്ചത്. ആര്.ടി.എ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വീഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന് സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണ് അന്ന് സമ്മാനം ലഭിച്ചത്.
രക്ഷിച്ച ഉടനെ തന്നെ ഗര്‍ഭിണിയായ പൂച്ചയെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഓഫീസ് അധികൃതര്‍ എത്തി ഏറ്റെടുത്തിരുന്നു. അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇപ്പോഴും ശൈഖ് മുഹമ്മദ് പരിപാലിക്കുന്നു എന്നറിയുന്നത് അവിശ്വസനീയമാണെന്ന് രക്ഷാപ്രവര്‍ത്തകരിലൊരാളായ അബ്ദുല്‍ റാഷിദ് പറഞ്ഞു. എനിക്ക് വാക്കുകളില്ല. ഞങ്ങള്‍ രക്ഷിച്ച പൂച്ചയെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു. അതിന്റെ കുട്ടിയെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും അബ്ദുല്‍ റാഷിദ് പറയുന്നു.
.@HHShkMohd: Today, I met my brother, @MohamedBinZayed at Al Marmoom. Together, we work as one united team towards achieving the best for the UAE, and meeting our people’s aspirations. Under the leadership of Mohamed bin Zayed, we are certain that the best is yet to come. #UAE pic.twitter.com/voS0wMVkXj
— Dubai Media Office (@DXBMediaOffice) November 12, 2022