- സി.ഐ പരാതിയുമായി സ്റ്റേഷനിലെത്തിയ ബി.ടെക് ബിരുദധാരിയെ ബലാൽസംഗം ചെയ്ത കേസിലും പ്രതി
കൊച്ചി - വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ബേപ്പൂർ കോസ്റ്റൽ സി.ഐയെ പി.ആർ സുനുവിനെ കൂടാതെ രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയിൽ. യുവതിയുടെ വീട്ടുജോലിക്കാരി, സി.ഐയുടെ സുഹൃത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ കോസ്റ്റൽ സി.ഐയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സി.ഐ കുറ്റം നിഷേധിച്ചുവെന്നും കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചോദ്യംചെയ്യലും അന്വേഷണങ്ങളും തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് തൃക്കാക്കര പോലീസ് കോഴിക്കോട്ടെത്തി സ്‌റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ സുനുവിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു. മെയ് മാസം തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സി.ഐ അടക്കം ആറ് പേർക്കെതിരെയാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ ഭർത്താവ് ഒരു കേസിൽ അകപ്പെട്ട് ജയിലിലാണ്. ഇത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
അതിനിടെ, കൊച്ചി മരട് സ്വദേശിയായ സി.ഐ പി.ആർ സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുളവുകാട് സ്‌റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലെത്തിയ ബി.ടെക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ റിമാൻഡിലാണ്. ശേഷമാണ് കോഴിക്കോട് കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. ഏഴുമാസമായി കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ആണ് സുനു.