Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ തട്ടിപ്പ്; മലയാളിയുടെ രണ്ടര ലക്ഷം തട്ടിയ പ്രതി പിടിയില്‍

ആലപ്പുഴ- ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മലയാളിയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ  ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. ജാര്‍ഖണ്ഡ് ജാംതാരയിലെ കിഷോര്‍ മഹതോ (22 ) ആണ് പിടിയിലായത്. ജാംദേഹി വനമേഖലയില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
കെ.എസ്.ഇ.ബി  ബില്‍ കുടിശ്ശികയുണ്ടെന്ന്  ഓണ്‍ലൈന്‍ സന്ദേശം അയച്ച ശേഷം ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.  
കഴിഞ്ഞ സെപ്തംബര്‍ 26 നാണ് മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിക്ക് 2,49,997 രൂപ നഷ്ടമായത്. ബില്‍ കുടിശ്ശികയുണ്ടെന്നും വൈദ്യുതി കണക് ഷന്‍ വിച്ഛേദിക്കാതിരിക്കുവാന്‍ ഇതോടൊപ്പം നല്‍കുന്ന നമ്പരില്‍ വിളിക്കാനുമാണ് കെ.എസ്.ഇ.ബി  ലോഗോ പ്രൊഫൈല്‍ ചിത്രമാക്കിയ വാട്ട്‌സ്ആപില്‍നിന്ന്  സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഈ ഫോണ്‍ നമ്പരിലേക്ക് വിളിച്ചപ്പോള്‍ കെ.എസ്.ഇ.ബി സെന്‍ട്രല്‍ ഓഫീസാണെന്ന്  പരിചയപ്പെടുത്തിയ ശേഷം റിക്വസ്റ്റ് ഫോം എന്ന വ്യാജേന ഒരു ലിങ്ക് മൊബൈലിലേക്ക് അയച്ച് കൊടുത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തയുടന്‍ പല തവണകളായി 2,49997 രൂപ തന്റെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി ചെട്ടിക്കുളങ്ങര സ്വദേശിക്ക് മെസേജ് വന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവിന് പരാതി നല്‍കുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിലെ എക്‌സ്പര്‍ട്ടുകളുമടങ്ങിയ വിദഗ്ധ സംഘത്തെ  ചുമതലപ്പെടുത്തി. ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നതിനായി പ്രതി പല നമ്പരുകളിലുള്ള സിംകാര്‍ഡുകളും വ്യസ്ത്യസ്ത തരം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണും, സിം നമ്പറും പിന്നീട് പ്രതി ഉപയോഗിക്കാറില്ല.
ജാര്‍ഘണ്ഡിലെ വനമേഖലയായ ജാംദേഹിയില്‍ താമസിച്ചു വന്ന പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് അന്വേഷണസംഘത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ഫോണ്‍ രേഖകള്‍, ഇന്റര്‍നെറ്റ് ഉപയോഗം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാന്‍ കാര്‍ഡ്  ആധാര്‍ വിവരങ്ങള്‍, വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വിശകലനം ചെയ്തതിന് ശേഷമാണ് പ്രതിയിലേക്ക് എത്തിചേര്‍ന്നത്.

അന്വേഷണത്തിനായി പുറപ്പെട്ട പ്രത്യേക സംഘം ആലപ്പുഴയില്‍ നിന്നും 2500 കിലോമീറ്റര്‍ ട്രയിന്‍ മാര്‍ഗ്ഗവും 64 കിലോമീറ്റര്‍ റോഡിലൂടെയും സഞ്ചരിച്ച് ജാംതാരയിലെത്തുകയും അവിടെ നിന്നും 40 കിലോമീറ്റര്‍ ഗ്രാമവഴിയിലൂടെ സഞ്ചരിച്ച് ബിന്‍ദാപത്തര്‍ എന്ന സ്ഥലത്ത് എത്തിയ ശേഷം 24 കിലോമീറ്ററോളം വനമേഖലയിലൂടെ സഞ്ചരിച്ചാണ് ജാംദേഹി എന്ന ഒറ്റപ്പെട്ട ചേരിപ്രദേശത്ത് എത്തിയത്. പോലീസ് എത്തിയ വിവരമറിഞ്ഞ് ചെറുത്ത് നിന്ന ചേരി നിവാസികള്‍ക്കിടയില്‍ നിന്നും കാട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  ബിന്‍ദാപത്തര്‍ പോലീസിന്റെ സഹായത്തോടെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

 

Latest News