Sorry, you need to enable JavaScript to visit this website.

ഇംപീച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമർപ്പിച്ച ഹരജി കോൺഗ്രസ് പിൻവലിച്ചു

ന്യുദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷൻ തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി പിൻവലിച്ചു. ഇന്നലെ സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഹരജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം മുതിർന്ന ജഡ്ജിമാരെ മാറ്റി നിർത്തി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രണ്ടു രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം ഹരജി സമർപ്പിച്ചിരുന്നത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കോടതി തയ്യാറായില്ല. തുടർന്നാണ് ഹരജി പിൻവലിക്കുന്നതായി അറിയിച്ചത്. പുതിയ പരാതി നൽകാനാണ് കോൺഗ്രസ് നീക്കം. ജുഡീഷ്യൽ ഉത്തരവില്ലാതെ ഭരണഘടന ബെഞ്ച് രൂപീകരിക്കാനാകില്ലെന്ന് കോൺഗ്രസ് വാദം. ചീഫ് ജസ്റ്റീസിനെ രക്ഷിക്കാൻ വേണ്ടിയാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്ന ആരോപണമുണ്ടായിരുന്നു. കേസ് മുതിർന്ന അഭിഭാഷകൻ ജെ. ചെലമേശ്വർ ഇന്ന് പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ തിരക്കിട്ട് ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. 

പ്രതിപക്ഷത്തിന്റെ ഇംപീചമെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നായിരുന്നു ഹരജിക്കാരുടെ പരാതി. ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എൻ വി രമണ, അരുൺ മിശ്ര, എ കെ ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.
 

Latest News