ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ജയില്‍ മോചിതയായി. ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരന്‍, ശാന്തന്‍ എന്നിവരും മോചിതരാകും. എന്നാല്‍, ഇവര്‍ ശ്രീലങ്കന്‍ പൗരന്‍മാരായതിനാല്‍ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്കു മാറ്റും. രേഖകളില്ലാതെ തമിഴ്‌നാട്ടിലെത്തുന്ന വിദേശ പൗരന്‍മാരെ പാര്‍പ്പിക്കുന്ന ക്യാമ്പാണിത്. നളിനിടെ വിവാഹം ചെയ്തതിനാല്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ ശ്രമിക്കുമെന്ന് മുരുകന്‍ അറിയിച്ചിട്ടുണ്ട്.
ശാന്തന്‍ ശ്രീലങ്കയിലേക്കു മടങ്ങിപ്പോകാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. മറ്റു മൂന്നു പേരും ഞായറാഴ്ച മോചിതരാകും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയും ഭര്‍ത്താവ് ശ്രീഹരനും ഉള്‍പ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതില്‍ ഇളവു നല്‍കിയാണ് മോചിപ്പിക്കുന്നത്.