ബംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തന്റെ വീട്ടിൽ വന്ന്് കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനിയുടെ വെളിപ്പെടുത്തൽ. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോഡിയെ പിന്തുണച്ചത് വലിയ വിഡ്ഢിത്തമായെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ഇന്ത്യൻ സമ്പന്നർ ഒളിപ്പിച്ച കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന മോഡിയുടെ വാഗ്ദാനമാണ് അദ്ദേഹത്തെ അന്ന് പിന്തുണക്കാൻ പ്രേരിപ്പിച്ചതെന്നും എന്നാൽ ഇതൊരു പൊള്ളയായ വാഗ്ദാനമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ വിഡ്ഢിയായെന്നും ജഠ്മലാനി പറഞ്ഞു. ബംഗളുരു പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
1400 ഇന്ത്യൻ സമ്പന്നർ 90 ലക്ഷം കോടി രൂപ വിദേശങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ഇതിനെതിരെ 2009 മുതൽ പോരാടുന്നയാളാണ് ഞാൻ. ഇതു തിരിച്ചെത്തിക്കാൻ മോഡിയുടേയും അമിത് ഷായുടേയും സഹായം അഭ്യർത്ഥിച്ചിരുന്നു. അവർ അതു വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ അവർ എന്റെ വീട്ടിലെത്തിയത് എന്തിനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അവർ ഇരുവരും കൊലക്കുറ്റത്തിന് കേസ് നേരിട്ടിരുന്നു. അതിൽ നിന്നും രക്ഷപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ടാണ് വന്നത് -ജഠ്മലാനി പറഞ്ഞു.
തന്റെ കള്ളപ്പണത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കണമെന്ന് മോഡിയും ഷായും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും മുൻ ബിജെപി നേതാവും എംപിയുമായി ജഠ്മലാനി പറഞ്ഞു. എങ്കിലും കള്ളപ്പണത്തിനെതിരായ തന്റെ പോരാട്ടം തുടരുകയാണ്. കേസ് ജൂലൈ 15ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. മോഡി സർക്കാരിന്റെ നിലപാട് അപ്പോൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ജർമനിയും സ്വിറ്റ്‌സർലാൻഡും കള്ളപ്പണക്കാരുടെ വിവരം കൈമാറാൻ ഒരുക്കമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ശരിയായ ഒരു തീരുമാനമെടുക്കാത്തതാണ് പ്രശ്‌നം. കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന വാഗ്ദാനത്തിൽ നിന്നും മോഡി പിൻമാറി.
മോഡിയേയും ഷായേയും ഒരു പാഠം പഠിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും കർണാടകയിലെ വോട്ടർമാർ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019ൽ ബിജെപി നാണം കെട്ട തോൽവി ഏറ്റുവാങ്ങും. മോഡിയുടേയും ഷായുടേയും പൊള്ളവാദങ്ങൾ തുറന്നു കാട്ടാനാണ് ഇവിടെ എത്തിയതെന്നും ജഠ്മലാനി പറഞ്ഞു.