ഹുബ്ബള്ളി-കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം ശുദ്ധീകരിക്കാന്‍ ഗോമൂത്രം തളിച്ചു. ഇവിടെ നടന്ന ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് ശേഷമാണ് മൈതാനം ഗോമൂത്രം തളിച്ച് ശുചീകരിച്ചത്.വ്യാഴാഴ്ച ടിപ്പു ജയന്തി ആഘോഷിച്ചതിനാല്‍ കനകജയന്തി ആഘോഷിക്കാന്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ഈദ്ഗാഹ് മൈതാന പരിസരത്ത് ഒത്തുകൂടിയാണ് മൈതാനം ശുദ്ധീകരിക്കാന്‍ ഗോമൂത്രം തളിച്ചത്.
ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കാണ് കനകജയന്തി ആഘോഷം ആരംഭിക്കുന്നതിന് മുമ്പായി ഗോമൂത്രം തളിച്ചത്. ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം മണ്ണ് മലിനമായെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ കനക ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശ്രീരാമസേന അംഗങ്ങള്‍ ആഘോഷങ്ങള്‍ക്കായി ഈദ്ഗാഹ് മൈതാനിയില്‍ പന്തല്‍ സ്ഥാപിക്കുകയും ചെയ്തു.
മൂന്ന് മണിക്കൂറാണ് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത്. സാമൂഹ്യപരിഷ്‌കര്‍ത്താവ് കനകദാസ സമൂഹത്തിന് ഉദാത്തമായ സന്ദേശമാണ് നല്‍കിയതെന്ന് പ്രമോദ് മുത്തലിക് പറഞ്ഞു.
രാഷ്ട്രീയക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.