Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാന്‍ രാവിലെ തന്നെ എത്തി; കേസ് ജൂലൈ 17 ലേക്ക് മാറ്റി 

ജോധ്പൂര്‍- മാന്‍വേട്ട കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ കോടതിയില്‍ ഹാജരായി. മാധ്യമപ്പടയും ആരാധകരും എത്തുന്നതിനുമുമ്പേ സല്‍മാന്‍ ഖാന് കോടതിയില്‍ ഹാജരായി മടങ്ങാന്‍ സാധിച്ചു.
1998 ല്‍ നായാട്ടിനിടെ രണ്ട് കൃഷ്ണ മൃഗങ്ങളെ കൊലപ്പെടുത്തിയെന്ന കേസിലാണ് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. രണ്ട് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം അദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ രാവിലെ എട്ട് മണിയോടെയാണ് സല്‍മാന്‍ ഖാന്റെ എസ് യുവി എത്തിയത്. കോടതി നടപടികള്‍ ആരംഭിക്കാന്‍ സാധാരണ വൈകാറുണ്ടെങ്കിലും ജഡ്ജി ചന്ദ്രകുമാര്‍ സൊനാഗ്ര ഉടന്‍ തന്നെ കേസ് വിളിച്ച് മാറ്റിവെക്കുകയായിരുന്നു. അപ്പീല്‍ തയാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഖാന്റെ അഭിഭാഷകരുടെ ആവശ്യം ജഡ്ജി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരായ ശേഷം ജോധ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി സല്‍മാന്‍ ഖാന്‍ മുംബൈയിലേക്ക് മടങ്ങി. കോടതിയുടെ അനുമതികൂടാതെ രാജ്യം വിടരുതെന്ന് സല്‍മാന് വിലക്ക് നിലവിലുണ്ട്.
അഞ്ച് വര്‍ഷം തടവ് വിധിച്ച വിധിയില്‍ ജൂലൈ 17-ന് അപ്പീല്‍ വാദം തുടരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മഹേഷ് ബോറ പറഞ്ഞു. അപ്പീലിനെ ശക്തിയായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രാജസ്ഥാന്‍ വനം വകുപ്പ് തന്നെ കേസില്‍ കുടുക്കിയതാണെന്ന് ആരോപിക്കുന്ന സല്‍മാന്‍ ഖാന്‍ താന്‍ കൃഷ്ണമൃഗങ്ങളെ കൊന്നിട്ടില്ലെന്നാണ് വാദിക്കുന്നത്. കേസില്‍ നാല് താരങ്ങളെ കഴിഞ്ഞ മാസം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കൃഷ്ണ മൃഗങ്ങള്‍ക്ക് വെടിയേറ്റിട്ടില്ലെന്നും അധിക തീറ്റ പോലുള്ള കാരണം കൊണ്ടാകാം ചത്തതെന്നുമാണ് സല്‍മാന്‍ ഖാന്റെ അഭിഭാഷകര്‍ വാദിക്കുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്‍ വെടിവെക്കുന്നതു കണ്ടുവെന്ന് സാക്ഷി മൊഴികളുണ്ട്. 

Latest News