ന്യൂദൽഹി- സാമ്പത്തിക പരിഷ്‌കരണത്തിന് രാജ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ദരിദ്രരായ ആളുകൾക്ക് അതിന്റെ നേട്ടങ്ങൾ നൽകുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യയ്ക്ക് ഒരു ലിബറൽ സാമ്പത്തിക നയം ലഭ്യമാക്കിയത് മൻമോഹൻ സിംഗ് ആയിരുന്നുവെന്നും ടി.ഐ.ഒ.എൽ അവാർഡ് 2022 ഇവന്റിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞു. 1991ൽ ധനമന്ത്രിയായിരിക്കെ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ ലിബറൽ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുകയും അത് ഇന്ത്യക്ക് ഒരു പുതിയ ദിശാബോധം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ദിശാബോധം നൽകിയ ഉദാരവൽക്കരണത്തിന് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു. 1990 കളുടെ മധ്യത്തിൽ മുൻ പ്രധാനമന്ത്രി ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണമാണ് താൻ മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ റോഡുകൾ നിർമ്മിക്കാൻ പണം സ്വരൂപിക്കാൻ കഴിഞ്ഞത്. ഉദാരവൽക്കരണ സാമ്പത്തിക നയം കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു. കേന്ദ്ര സർക്കാർ 26 ഹരിത എക്‌സ്പ്രസ് വേകൾ നിർമ്മിക്കുന്നുണ്ടെന്നും പണത്തിന്റെ ക്ഷാമം നേരിടുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. എൻ.എച്ച്.എ.ഐയുടെ ടോൾ വരുമാനം നിലവിൽ പ്രതിവർഷം 40,000 കോടി രൂപയിൽ നിന്ന് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.