Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ സിദ്ധാരാമയ്യയുടെ അപകീർത്തി നോട്ടീസ്; പരസ്യമായി മാപ്പുപറയണമെന്ന്

ബംഗളൂരു- കർണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തനിക്കെതിരെ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധമായ കള്ള പ്രചാരണം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പ എന്നിവർക്കെതിരെ അപകീർത്തി നോട്ടീസയച്ചു. പ്രധാനമന്ത്രി കർണാടകയിൽ നടത്തിയ പരിഹാസ പ്രസംഗങ്ങൾക്ക് പരസ്യമായി മാപ്പുപറയണമെന്നാണ് സിദ്ധാരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

കള്ളപ്രചാരണങ്ങൾ നിർത്തണമെന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മോഡിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അപകീർത്തിപരമായ പ്രസ്താവനകൾ പ്രസിദ്ധീകരിച്ച ഇലക്ട്രോണിക്, അച്ചടി, സാമൂഹിക മാധ്യമങ്ങൾ മുഖേന ഉടൻ മാപ്പു പറയണമെന്നും സിദ്ധാരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടക സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ കർണാടകയിലെ കോൺഗ്രസ് സർക്കാർ 10 ശതമാനത്തിന്റെ സർക്കാരാണ്, സിദ്ധാരാമയ്യ സിദ്ധാ രൂപയ്യയാണ് എന്നീ പരാമർശങ്ങൾ നടത്തിയത് വക്കീൽ നോട്ടീസിൽ സിദ്ധാരാമയ്യ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ മോഡി സർക്കാർ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

Latest News