ഇടുക്കി - വീട്ടിൽനിന്നും സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിലെ 9,10 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.
രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. പക്ഷേ, ഇവർ സ്കൂളിലെത്തിയില്ല. കുട്ടികളെ കാണാതായ നിമിഷം തന്നെ രക്ഷിതാക്കളെ വിവരം അറിയിച്ച് അന്വേഷണം ആരംഭിച്ചതായി സ്കൂൾ അധികൃതർ പ്രതികരിച്ചു. പീരുമേട്, ഉപ്പുതറെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികളെ രാവിലെ എട്ടരയോടെ ഏലപ്പാറയിൽ കണ്ടതായി സഹപാഠികൾ പറയുന്നു. ഒരാൾ സ്കൂൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് ധരിച്ചതെന്നും കുട്ടികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരുവരും താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഉപ്പുതറ പോലീസ് പറഞ്ഞു.